Pandalam Mahadevar Temple

വിശേഷ ദിവസങ്ങള്‍

കുംഭ തിരുവാതിര

കുംഭ തിരുവാതിര മഹോല്‍സവം ക്ഷേത്രത്തിലെ പ്രധാന ഉല്‍സവങ്ങളില്‍ ഒന്നാണ്. ഉരുളിച്ച വഴിപാട് പതിമൂന്ന് കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകളുടെ പ്രദര്‍ശനം, സേവ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

പ്രതിഷ്ഠാ വാര്‍ഷികം

ഇടവ മാസത്തിലെ മകയിരം നാളിലാണ് വര്‍ഷം തോറും പ്രതിഷ്ഠാ വാര്‍ഷികമായി ആഘോഷിക്കുന്നത്.

തിരുവുല്‍സവം

ധനു മാസത്തിലെ തിരുവാതിരക്ക് ആറാട്ട് നടക്കുന്ന രീതിയില്‍ പത്തു ദിവസമാണ് കൊടിയേറിയുള്ള തിരുവുല്‍സവം. തിരുവുല്‍സവത്തോടനുബന്ധിച്ച് അന്‍പോലി, ശിവപുരാണ പാരായണം, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കാറുണ്ട്. പതിമൂന്ന് കരകളില്‍ നിന്നും SSLC, +2 പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രാദേശിക സഭകളുടെ നിര്‍ദേശമനുസരിച്ച് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്യാറുണ്ട്. 7, 8, 9 ദിവസങ്ങളില്‍ സേവയും, ഒന്‍പതാം ഉല്‍സവദിനത്തില്‍ പൂരക്കാഴ്ചയും കുടമാറ്റവും ഉല്‍സവത്തിന്‍റെ പ്രധാന ഇനങ്ങളാണ്. കടക്കാട് വടക്ക് ആറാട്ട്കടവില്‍നിന്നും ആരംഭിക്കുന്ന ആറാട്ട് ഘോഷയാത്ര വന്‍ ജനാവലിയുടെയും ഗജവീരന്‍മാരുടെയും താലപ്പൊലികളുടെയും അകമ്പടികളോടെ ക്ഷേത്രത്തിലെത്തി ഉല്‍സവചടങ്ങുകള്‍ അവസാനിക്കുന്നു.

സപ്താഹം

കുംഭ മാസത്തില്‍ ക്ഷേത്രത്തില്‍ വര്‍ഷംതോറും ശ്രീമത് ഭാഗവത സപ്താഹയജ്ഞം നടത്തിവരുന്നു.

ശിവരാത്രി

കുംഭ മാസത്തിലെ ശിവരാത്രി ക്ഷേത്രത്തിലെ പ്രധാന ഉല്‍സവങ്ങളില്‍ ഒന്നാണ്.പാലഭിഷേകവും സന്ധ്യക്ക് ലക്ഷദീപ ക്കാഴ്ചയും, രാത്രി കഥകളിയും ആണ് പ്രധാന ചടങ്ങുകള്‍.

ശാസ്താവ്

വൃശ്ചിക മാസത്തിലെ ഉത്രം നാളില്‍ നടക്കുന്ന ഉത്രം മഹോല്‍സവമാണ് ശാസ്താവിന്‍റെ നടയിലെ പ്രധാന ആഘോഷം. കലശ പൂജയും, അഷ്ടാഭിഷേകവും, സന്ധ്യാനേരം മുതല്‍ ഭജനയും തുടര്‍ന്നു നടക്കുന്ന ആഴിയും പടുക്കയും ഉത്രം ഉല്‍സവ ദിനത്തിലെ പ്രധാന ചടങ്ങുകളാണ്.

മായ യക്ഷിയമ്മയുടെ കോവിലില്‍ ഉല്‍സവം

മകര മാസത്തിലെ പൌര്‍ണമിയില്‍ ആണ് മായ യക്ഷിയമ്മയുടെ കോവിലില്‍ തിരുഉല്‍സവം. വൈകീട്ട് ദീപാരാധനക്ക് ശേഷം ഭക്തജനങ്ങള്‍ ആഘോഷമായി കൊടിക്കൂറ ബന്ധിച്ച് കൊടിമരം ഉയര്‍ത്തുന്നതോടയാണ് ഉല്‍സവാരംഭം. അടുത്ത ദിവസം വൈകുന്നേരം നടക്കുന്ന താലപ്പൊലി ഘോഷയാത്രയും ചന്ദ്രപ്പൊങ്കലയും ഈ ഉല്‍സവത്തിന്‍റെ പ്രധാന ചടങ്ങുകളാണ്.

സുബ്രമണ്യന്‍

തൈപ്പൂയ മഹോല്‍സവമാണ് ഈ ഉപദേവന്‍റെ പ്രധാന ഉല്‍സവം. കലശ പൂജയും കലശാഭിഷേകവും, പഞ്ചാമൃതാഭിഷേകവും കാവടിയാട്ടവും പ്രധാനചടങ്ങുകളാണ്.

നാഗരാജാവ്

തുലാമാസ ആയില്യം നാളില്‍ ക്ഷേത്രത്തിലെ സര്‍പ്പക്കാവില്‍ നൂറും പാലും, ആയില്യ പൂജ എന്നിവയും നടക്കുന്നു.