പന്തളം മഹാദേവര്‍ ക്ഷേത്രം ഖരമുനിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് . അതിപുരാതനവും പ്രശസ്തവുമായ ഈ മഹാക്ഷേത്രം അച്ചന്‍കോവിലാറിന്‍റെ ഇടതുകരയില്‍ പന്തളം ടൗണില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ പടിഞ്ഞാറ് വടക്കായി തോട്ടക്കോണം , മുളമ്പുഴ എന്നീ ഇരുകരകളിലായി സ്ഥിതി ചെയ്യുന്നു . പന്തളം ജംഗ്ഷനില്‍ എത്തി അവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ പടിഞ്ഞാട്ട് സഞ്ചരിച്ച് അറത്തില്‍ ജംഗ്ഷനില്‍ എത്തി അവിടെ നിന്നും വലത്തോട്ട് ഒരു കിലോമീറ്റര്‍ യാത്രചെയ്താല്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരാം.
പ്രകൃതിജന്യമായ മുക്കാല്‍ വട്ടപ്രദിക്ഷണ വഴിമാത്രമുള്ള ഏക മഹാക്ഷേത്രമെന്ന് ഖ്യാദി ഈ ക്ഷേത്രത്തിനു മാത്രമുള്ളതാണ് . ക്ഷേത്രത്തിന്‍റെ ഈശാന കോണില്‍ അച്ചന്‍കോവിലാറ് നമസ്ക്കാര മണ്ഡപത്തില്‍ തൊട്ടുതഴുകിയൊഴുകുന്നു . പ്രധാന പ്രതിഷ്ഠയായ മഹാദേവനെ കൂടാതെ ഗണപതി , മായയക്ഷിയമ്മ , ശാസ്താവ് , നാഗരാജാവ് , സുബ്രഹ്മണ്യന്‍ , ബ്രഹ്മരക്ഷസ്സ് , രക്ഷസ്സ് എന്നീ ഉപദേവന്മാരും , ഭക്തലക്ഷങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ഇവിടെ വാണരുളുന്നു .
ഇടപ്പള്ളി സ്വരൂപത്തിന്‍റെ വകയായിരുന്ന ഈ ക്ഷേത്രത്തിന്‍റെ, ഭരണം ഇടപ്പള്ളി തമ്പുരാക്കന്മാരും, ദേവസം ഊരാഴ്മക്കാരായ കുളക്കട നമ്പിമഠം, ഞെട്ടൂര്‍ വാഴുവേലിമഠം, തോട്ടക്കോണം മണ്ണില്‍മഠം , വെണ്മണി കല്ലമണ്‍മഠം മുതലായവരും ചേര്‍ന്നു ഹൈന്ദവ വിശ്വാസികളുടെ പിന്തുണയോടും സഹകരണത്തോടും കൂടി നടത്തി വന്നിരുന്നു. പ്രതിവര്‍ഷം അയ്യായിരപ്പറ നെല്‍പാടവും പന്തളം 12 കരകളിലെ കരഭൂമികളിലെ ആദായത്തിന്‍റെ അംശം ജന്മിക്കരം ഇനത്തില്‍ പിരിചെടുത്തിരുന്ന തുകയും മറ്റുമായി തികഞ്ഞ സാമ്പത്തിക ഭദ്രതയായിരുന്ന ഈ ക്ഷേത്രത്തില്‍ അക്കാലത്ത് .കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാരായ, പന്തളം നീലകണ്ഠന്‍ , രാമകൃഷ്ണന്‍ , കുട്ടിശങ്കരന്‍ , രാജഗോപാലന്‍ എന്നീ ആനകളെ എഴുന്നെള്ളിപ്പിനുവേണ്ടി സംരക്ഷിച്ചുപോന്നിരുന്നു . ഐതീഹ്യമാലയില്‍ പന്തളം നീലകണ്ഠന്‍ ആനയെപ്പറ്റി വേറെവിധം പരമാര്‍ശിച്ചിട്ടുണ്ട് എന്നാല്‍ 1969 ലെ ഭൂപരിഷ്കരണ നിയമത്തിന്‍റെ കരാളഹസ്തങ്ങളില്‍പ്പെട്ട് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം ഒഴികെയുള്ള എല്ലാസ്ഥാവര വസ്തുക്കളും പാട്ടക്കാര്‍ക്കും കൈവശക്കാര്‍ക്കും സ്വന്തമായി . ഈ സാഹചര്യത്തില്‍ ക്ഷേത്ര കാര്യങ്ങള്‍ പഴയപടി നടത്തുവാന്‍ സാധിക്കാത്ത അവസ്ഥ സംജാതമായി . ഈ അവസരത്തില്‍ ക്ഷേത്രവും അതിന്റെ ഭരണവും (1) മുളമ്പുഴ (2) മുടിയൂര്‍ക്കോണം (3) തോട്ടക്കോണം (4) മങ്ങാരം (5) ഞെട്ടൂര്‍ (6) മാന്തുക (7) കൈപ്പുഴ (8) പനങ്ങാട് (9) തോന്നല്ലൂര്‍ (10) കുരമ്പാല (11) പൂഴിക്കാട് (12) കടയ്ക്കാട് എന്നീ പന്ത്രണ്ട് കരകളില്‍ നിന്നുമുള്ള ഹൈന്ദവ പ്രതിനിധികള്‍ ചേര്‍ന്ന് രൂപീകരിച്ച് 2/1969 – ആം നമ്പരായി രജിസ്റ്റര്‍ ചെയ്ത പന്തളം മഹാദേവഹിന്ദു സേവാ സമിതിക്ക് കൈമാറി. പ്രസ്തുത 12 കരകളിലുമുള്ള സമസ്ത ഹൈന്ദവരുടെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മഹാദേവഹിന്ദുസേവാ സമിതിയുടെ മേല്‍നോട്ടത്തില്‍ ക്ഷേത്രാചാരാനുഷ്ട്ടാനങ്ങളും ക്ഷേത്രഭരണവും പൂര്‍വ്വാധികം ഭംഗിയായി നടന്നു വരുന്നു.
താന്ത്രിക വിധികള്‍ പ്രകാരമുള്ള പൂജാദികര്‍മ്മകങ്ങളും ആട്ടവിശേഷങ്ങളും നിര്‍ലോഭം നടത്തി വരുന്നതോടൊപ്പം തന്നെ ക്ഷേത്രത്തിന് അനിവാര്യമായ എല്ലാവിധ വികസനപ്രവര്‍ത്തനങ്ങളും ആവശ്യമായ ഭൂമികള്‍ കാലാ കാലങ്ങളില്‍ വിലയ്ക്ക് വാങ്ങുന്നതിനും പുതിയ സദ്യാലയങ്ങല്‍ നിര്‍മ്മിക്കുന്നതിനും സംരക്ഷണഭിത്തികള്‍ കെട്ടുന്നതിനും മറ്റും സമിതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കുടാതെ ക്ഷേത്രവരുമാനത്തിന്‍റെ 5% – ത്തില്‍ കവിയാത്ത തുകയും സുമസ്സുകള്‍ നല്കുന്ന സംഭാവനകളും ഉപയോഗപ്പെടുത്തി 2005 മുതല്‍ ദീനാനുകമ്പ പ്രവര്‍ത്തനങ്ങളും സമിതി നടത്തി വരുന്നു. എസ്.എസ്.എല്‍.സിയ്ക്കു ഉന്നത വിജയം കൈവരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തി നടത്തിവരുന്നു.
ക്ഷേത്രത്തില്‍ ആകെ 20 ജീവനക്കാരുണ്ട് ക്ഷേത്രത്തിന്‍റെ വകയായ രണ്ട് ഊട്ടുപുരകളും പുതുതായി നിര്‍മ്മിച്ച അന്നദാനമന്ദിരവും സാധാരണക്കാരുടെ വിവാഹാവശ്യങ്ങള്‍ക്കും മറ്റും ആശ്വാസമേകുന്നു . ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കുന്നതിനും പ്രാധമികദിനക്രിത്യങ്ങള്‍ നിര്‍വഹിക്കുന്നതിനും ഊട്ടുപുരകളും അനുബന്ധസൗകര്യങ്ങളും സൗജന്യമായി നല്‍കിവരുന്നു . അന്യസംസ്ഥാനക്കാരായ അയ്യപ്പ ഭക്തര്‍ ഉള്‍പ്പെടെ വളരെയധികം പേര്‍ ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിവരുന്നു . സനാതനധര്‍മ്മ പരിപോഷണത്തിനും സാംസ്ക്കാരിക നവോത്ഥാനത്തിനും ഉതകുന്ന പരിപാടികള്‍ക്ക് വേണ്ടിയും ഈ ആലയങ്ങള്‍ സൗജന്യമായി നല്കിവരുന്നു .